ബെംഗളൂരു: മറ്റൊരു നിര്‍ണായക ഘട്ടം കൂടി വിജയകരമായി പൂര്‍ത്തിയാക്കി ചന്ദ്രയാന്‍ 2. വിക്രം ലാന്‍ഡര്‍ ഇന്ന് പുലര്‍ച്ചെ 3.32 ഓടെ ചന്ദ്രന് അടുത്തുള്ള ഭ്രമണപഥത്തിലേക്ക് ലാന്‍ഡറിനെ എത്തിച്ചു. ഒന്‍പത് സെക്കന്‍റ് എടുത്താണ് ലാന്‍ഡറിനെ പുതിയ ഭ്രമണപഥത്തിലേക്ക് മാറ്റിയതെന്ന് ഐഎസ്‌ആര്‍ഒ വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു. ശനിയാഴ്ച പുലര്‍ച്ചയോടെ ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തില്‍ വിക്രം ലാന്‍ഡര്‍ ഇറക്കുകയാണ് അടുത്ത ദൗത്യം. ചന്ദ്രോപരിതലത്തില്‍ നിന്നും 35 കിലോമീറ്റര്‍ അടുത്ത ദൂരവും 101 കിലോമീറ്റര്‍ അകന്ന ദൂരവുമായുള്ള ഭ്രമണ പഥത്തിലാണ് ഇപ്പോള്‍ ലാന്‍ഡര്‍.സ്വതന്ത്രമായി സഞ്ചരിച്ചു തുടങ്ങിയ ലാന്‍ഡറിന്റെ ഭ്രമണപഥം മാറ്റുന്ന ആദ്യഘട്ടം കഴിഞ്ഞ ദിവസം വിജയകരമായി പിന്നിട്ടിരുന്നു.
