ബെംഗളൂരു:ചാന്ദ്രപര്യവേഷണ ദൗത്യമായ ചന്ദ്രയാന്‍-2 ചന്ദ്രന്റെ 124 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലെത്തി. വെള്ളിയാഴ്ച വൈകുന്നേരം 6.18-ന് 1155 സെക്കന്‍ഡ് എന്‍ജിന്‍ ജ്വലിപ്പിച്ചാണ് പേടകത്തിന്റെ സഞ്ചാര പഥം താഴ്ത്തിയത്. ഇപ്പോള്‍ ചന്ദ്രനില്‍നിന്ന് കുറഞ്ഞ ദൂരമായ 124 കിലോമീറ്ററും കൂടിയ ദൂരമായ 164 കിലോമീറ്ററും അകലെയുള്ള ഭ്രമണപഥത്തിലാണ് ചന്ദ്രയാന്‍-2.
ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയ ശേഷം വിജയകരമായ നാലാമത്തെ സഞ്ചാരപഥമാറ്റമാണിത്. അടുത്ത ദിശാക്രമീകരണം സെപ്റ്റംബര്‍ ഒന്നിനു വൈകുന്നേരം ആറിനും ഏഴിനുമിടയില്‍ നടക്കും. ഇതോടെ ചന്ദ്രന്റെ 100 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലെത്തിക്കുകയാണ് ലക്ഷ്യം.
സെപ്റ്റംബര്‍ രണ്ടിനു ചന്ദ്രനെ ചുറ്റുന്ന ഓര്‍ബിറ്ററില്‍ നിന്ന് ചന്ദ്രന്റെ ഉപരിതലത്തില്‍ ഇറങ്ങുന്ന ലാന്‍ഡര്‍ വേര്‍പെടും. ഏഴിനാണ് ശാസ്ത്രലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചന്ദ്രന്റെ ഉപരിതലത്തിലേക്കുള്ള ഇറങ്ങല്‍.ചന്ദ്രയാന്‍-2-ലെ എല്ലാ ഘടകങ്ങളുടെയും പ്രവര്‍ത്തനം തൃപ്തികരമാണെന്ന് ഐ.എസ്. ആര്‍.ഒ. അറിയിച്ചു.
