പത്താന്‍കോട്ട്: ഭാരതത്തിന്റെ വീരപുത്രന്‍ അഭിനന്ദന്‍ വര്‍ധമാന് വ്യോമസേനയുടെഅപൂര്‍ ആദരം. യുദ്ധവിമാനമായ മിഗ് ജെറ്റ് 21ല്‍ അഭിനന്ദനൊപ്പം ഉണ്ടായിരുന്നത് വ്യോമസനേയുടെ എയര്‍ചീഫ് മാര്‍ഷല്‍ ബി.എസ്. ധനോയ. വിമരമിക്കുന്നതിനു മുന്‍പുള്ള എയര്‍ചീഫ് മാര്‍ഷലിന്റെ അവസാന യുദ്ധവിമാനം പറപ്പിക്കല്‍ കൂടിയായിരുന്നു അഭിനന്ദിനൊപ്പം. പത്താന്‍കോട്ട് എയര്‍ബേസില്‍ നിന്നായിരുന്നു മിഗ് 21 ജെറ്റ് കുതിച്ചുയര്‍ന്നത്. അഭിനന്ദിനൊപ്പം വിമാനം പറത്താന്‍ സാധിച്ചത് സന്തോഷകരമായ അനുഭവമെന്ന് എയര്‍ചീഫ് മാര്‍ഷല്‍ പിന്നീട് പ്രതികരിച്ചു. 1988 താനും യുദ്ധവിമാനത്തില്‍ നിന്ന് ഇജക്റ്റ് ( പറക്കുന്ന വിമാനത്തില്‍ നിന്നു പാരച്യൂട്ട് ഉപയോഗിച്ച് രക്ഷപെടുക) ചെയ്തിട്ടുണ്ട്. ഒമ്ബതു മാസത്തിനു ശേഷമാണ് തനിക്ക് പിന്നീട് യുദ്ധവിമാനം പറത്താനുള്ള ശാരീരിക ക്ഷമതയും അനുമതിയും തിരികെ കിട്ടിയത്. എന്നാല്‍, അഭിനന്ദന്‍ അത് ആറു മാസം കൊണ്ട് തിരികെ നേടിയെന്നും ധനോയ. ഞങ്ങള്‍ രണ്ടു പേരും യുദ്ധവിമാനത്തില്‍ നിന്നു രക്ഷപെട്ടവരാണ്. ഞങ്ങള്‍ രണ്ടു പേരും പാക്കിസ്ഥാനെതിരേ യുദ്ധം ചെയ്തവരാണ്. ഞാന്‍ കാര്‍ഗില്‍ യുദ്ധസമയത്തും അഭിനന്ദന്‍ ബാലാക്കോട്ട് ആക്രമണത്തിനു ശേഷവും. അഭിനന്ദന്റെ പിതാവിനൊപ്പം ഞാന്‍ യുദ്ധവിമാനം പറപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ തന്റെ സര്‍വീസിലെ അവസാനത്തെ യുദ്ധവിമാനം പറപ്പിക്കല്‍ അദ്ദേഹത്തിന്റെ മകനൊപ്പം ആയതില്‍ ഏറെ അഭിമാനിക്കുന്നെന്നും എയര്‍ചീഫ് മാര്‍ഷല്‍.
ഫെബ്രുവരിയില്‍ പാക്കിസ്ഥാനുമായുണ്ടായ വ്യോമ ആക്രമണത്തിനിടെ കോക്പിറ്റില്‍ നിന്ന് സ്വയം ഇജക്‌ട് ചെയ്ത് രക്ഷപ്പെട്ട അഭിനന്ദനെ പാക് സൈന്യം പിടികൂടിയിരുന്നു. പിന്നീട് ഇദ്ദേഹത്തെ ഇന്ത്യക്ക് തന്നെ കൈമാറുകയും ചെയ്തു. തുടര്‍ന്ന് മാസങ്ങളോളം ചികിത്സയില്‍ കഴിഞ്ഞ ഇദ്ദേഹത്തിന് ബെംഗളുരുവിലെ ഐഎഎഫ് എയ്റോസ്പേസ് മെഡിസിന്‍ വിഭാഗം പറക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ് അനുവദിച്ചു.
പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യന്‍ വ്യോമസേന പാക് അതിര്‍ത്തി ലംഘിച്ച് ബാലകോട്ടെ ജയ്ഷെ മുഹമ്മദ് എന്ന ഭീകരസംഘടനയുടെ ക്യാംപുകള്‍ ബോംബിട്ട് തകര്‍ത്തിരുന്നു. ഇതിന് തിരിച്ചടി നല്‍കാന്‍ എഫ്16 വിമാനങ്ങളുമായി ഇന്ത്യന്‍ സൈനിക ക്യാംപുകള്‍ ലക്ഷ്യമാക്കിയാണ് പാക് വ്യോമസേന വന്നത്. എന്നാല്‍ ഈ ശ്രമമാണ് അഭിനന്ദന്‍ വര്‍ധമാന്‍ അടക്കമുള്ള ഇന്ത്യന്‍ വ്യോമസേന സംഘത്തിന്റെ പ്രത്യാക്രമണത്തില്‍ പരാജയപ്പെട്ടത്. സംഘര്‍ഷത്തിനിടെ പാക്കിസ്ഥാന്റെ ഒരു എഫ് 16 വിമാനം അഭിനന്ദന്‍ വര്‍ധമാന്‍ തകര്‍ത്തിരുന്നു. ഇതിന് അഭിനന്ദന് രാജ്യം വീര്‍ ചക്ര ബഹുമതി നല്‍കി.
