കര്‍വാര്‍: കര്‍ണാടകത്തിലെ ബെല്‍ഗാവില്‍ മതപരിവര്‍ത്തനത്തിനു പുതിയ തന്ത്രങ്ങളുമായി ക്രൈസ്തവ ബിഷപ്പുമാര്‍. കാവി വേഷവും കുങ്കുമ തിലകവും അടക്കം ഹിന്ദു സന്യാസിമാരാണെന്നു തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലാണ് പുതിയ പ്രവര്‍ത്തനം. പള്ളികളില്‍ ഓം ചിഹ്നങ്ങടക്കം സജ്ജമാക്കിയിട്ടുണ്ട്. ഖുര്‍ബാനയ്ക്കു ശേഷം നല്‍കുന്ന തിരുവോസ്തി സൂക്ഷിച്ചിരിക്കുന്നതാകട്ടെ ശിവലിംഗ മാതൃകയിലെ അറയ്ക്കുള്ളിലും. ലിംഗയാത്ത് സമുദായക്കാരെ ക്രിസ്തു മതത്തിലേക്ക് തെറ്റിദ്ധരിപ്പിച്ച് ആകര്‍ഷിക്കാനുള്ള നീക്കമാണിതെന്ന് റിപ്പോര്‍ട്ട്. കാവി ധരിച്ച ബിഷപ്പിന്റെ ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ ഇതിനകം വിവാദമായിട്ടുണ്ട്. ബെല്‍ഗാവി രൂപതാ ബിഷപ്പ് ഡെറിക് ഫെര്‍ണാണ്ടസ് കാവി വസ്ത്രങ്ങള്‍ ധരിച്ച്, കുങ്കുമം തൊട്ട് കുര്‍ബാന അര്‍പ്പിക്കുന്ന ചിത്രമാണു വിവാദമായത്. റോമന്‍ കത്തോലിക്കാ സഭയിലും ഇത് വലിയ പ്രശ്‌നമായിട്ടുണ്ട്.
കാവിയണിഞ്ഞ ബിഷപ്പിനൊപ്പം കാവിയണിഞ്ഞ മറ്റു ചിലരുമുണ്ട്. ചിലര്‍ രുദ്രാക്ഷവും ധരിച്ചിട്ടുണ്ട്. ഹിന്ദു സ്വാമിമാരുടെ ചിത്രങ്ങള്‍ മാലയിട്ട് ഭിത്തിയില്‍ തൂക്കിയിട്ടിരിക്കുന്ന ഹാളില്‍ വച്ചാണ് കുര്‍ബാനയര്‍പ്പിക്കുന്നത്. മാധ്യമപ്രവര്‍ത്തകനും സഭാ പ്രവര്‍ത്തകനുമായ സാവിയോ റോഡ്രിഗ്‌സാണ് ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഫ്രാന്‍സിസ് മാര്‍പ്പാപ്പ നിയമിച്ച ബെല്‍ഗാമിന്റെ ആറാമത്തെ ബിഷപ്പായ ഫെര്‍ണാണ്ടസ് ഹിന്ദുക്കളെ തെറ്റിദ്ധരിപ്പിക്കാനും അങ്ങനെ ഹിന്ദുക്കളെ മതംമാറ്റാനും വേണ്ടി ബോധപൂര്‍വം കൈക്കൊണ്ട തന്ത്രമാണിതെന്നാണ് വ്യാപകമായ ആക്ഷേപം. എന്നാല്‍ കത്തോലിക്കരും ബിഷപ്പിനെതിരെ പ്രതികരിക്കുന്നുണ്ട്. ബിഷപ്പ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തരുത്, ഇത് ദൈവനിന്ദയാണ്, അങ്ങനെ പോകുന്നുകത്തോലിക്കരായ വിശ്വാസികളുടെ പ്രതിഷേധങ്ങള്‍. ബിഷപ്പ് ഇപ്പോള്‍ റോമിലാണ്. ബെല്‍ഗാവിയില്‍ നിന്ന് 28 കിലോമീറ്റര്‍ അകലെയുള്ള ദേഷ്ണൂരില്‍ വച്ച് ആഗസത് 29ന് എടുത്ത ചിത്രമാണിതെന്ന് വികാരി ജനറല്‍ ഫിലിപ്പ് കുട്ടി ജോസഫ് പറയുന്നു. ചിത്രത്തിലുള്ള പള്ളിയുടെ പേര് വിരക്ത മഠം എന്നായിരുന്നുവെന്നും ജസ്യൂട്ട് പാതിരിമാര്‍ 40 വര്‍ഷം മുന്‍പ് അവിടെയെത്തുകയും ഇന്ത്യന്‍ പാരമ്ബര്യം അനുസരിച്ചുള്ള കാവിയണിയുകയും ചെയ്തുവെന്നും അവിടുത്തെ അള്‍ത്താരയുടെ തിരുവോസ്തി സൂക്ഷിക്കുന്ന ഭാഗത്തിന് (സക്രാരി) ശിവലിംഗത്തിന്റെ രൂപമാണെന്നും പാതിരി പറയുന്നു. ഇവിടം ലിംഗായത്തുകള്‍ക്ക് മുന്‍തൂക്കമുള്ള സ്ഥലമാണെന്നാണ് ഫാ. നെല്‍സണ്‍ പിന്റോ പറയുന്നത്. അതിനാല്‍ അവിടുത്തെ പ്രദേശിക രീതി സ്വീകരിച്ചെന്നും പിന്റോ വിശദീകരിക്കുന്നു. അതേസമയം ചിത്രം ട്വീറ്റ് ചെയ്ത റോഡ്രിഗ്‌സിനെ ചിലര്‍ ഭീഷണിപ്പെടുത്തുന്നുമുണ്ട്. റോഡ്രിഗ്‌സ് യൂദാസാണ്, അയാളുടെ മുഖത്ത് കരിതേക്കുകയും ചെരിപ്പുമാല അണിയിക്കുകയും ചെയ്യുന്നവര്‍ക്ക് അരലക്ഷം രൂപ നല്‍കുമെന്നാണ് അഡ്വ. ഡോണ്‍ വാസ് ട്വിറ്ററില്‍ പ്രതികരിച്ചിരിക്കുന്നത്.
