ഇന്ത്യയുടെ 73 മത് സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി അബുദാബി കെ.എം.സി.സി 73 നഴ്സുമാരെ ആദരിക്കും. യു.എ.ഇയിൽ 25 വർഷം നഴ്സിംഗ് സേവനം പൂർത്തിയാക്കിയ നഴ്സുമാർക്കാണ് ആഗസ്ത് 15 ന് വൈകിട്ട് ഏഴരക്ക് ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ നടക്കുന്ന ചടങ്ങിൽ ആദരവർപ്പിക്കുക. നിപ രോഗബാധിതരെ ശുശ്രൂഷിക്കുന്നതിനിടയിൽ രോഗബാധിതയായി മരണമടഞ്ഞ സിസ്റ്റർ ലിനി പുതുശേരിയുടെ ഓർമ്മയിലാണ് ചടങ്ങുകൾ നടക്കുകയെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ചടങ്ങിന്റെ ഉദ്ഘാടനം യു.എ.ഇ ഇന്ത്യൻ സ്ഥാനപതി നവദീപ് സിംഗ് സൂരി നിർവഹിക്കും. ഡോ: എം.കെ.മുനീർ മുഖ്യാതിഥിയായിരിക്കും. പ്രൊഫ: ഗോപിനാഥ് മുതുകാട് മുഖ്യ പ്രഭാഷണം നടത്തും. യു.എ.ഇ ശ്രീലങ്കൻ സ്ഥാനപതി അഹമ്മദ് ലബയെ സബറുല്ലാഹ് ഖാൻ, ഇന്തോനേഷ്യൻ എംബസി കൗൺസിലർ ഹീറു സൊറോസൊ സുദ്രഡ്ജത്, ആരോഗ്യ മേഖലയിലെ സാമൂഹ്യ പ്രവർത്തക ഉമ പ്രേമൻ, മെട്രോ മുഹമ്മദ് ഹാജി എന്നിവർ സംബന്ധിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. അബുദാബി കെ.എം.സി.സി പ്രസിഡന്റ് ഷുക്കൂറലി കല്ലുങ്ങൽ, ജനറൽ സെക്രട്ടറി അഡ്വ: കെ.വി.മുഹമ്മദ് കുഞ്ഞി, ട്രഷറർ പി.കെ.അഹമ്മദ്, വൈസ് പ്രസിഡന്റ് അഷ്റഫ് പൊന്നാനി, പി.എ.ഹമീദ് കടപ്പുറം, സെക്രട്ടറിമാരായ മജീദ് അണ്ണാൻതൊടി, ഇ.ടി.മുഹമ്മദ് സുനീർ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
