ന്യൂഡല്‍ഹി: നാല് സംസ്ഥാനങ്ങളിലായി നാല് ദിവസം കൊണ്ട് പ്രളയം കവര്‍ന്നത് 142 ജീവനുകള്‍. കേരളം, കര്‍ണാടക, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും വന്‍നാശനഷ്ടമാണ് ഉണ്ടായത്. കര്‍ണാടകയില്‍ 24 പേരും കേരളത്തില്‍ 60 പേരും ഗുജറാത്തില്‍ 22 പേരുമാണ് മരണപ്പെട്ടത്. ഉരുള്‍പൊട്ടലിലും മറ്റും നിരവധിപേരാണ് കുടുങ്ങിക്കിടക്കുന്നത്. ഇവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുകയാണ്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.
വെള്ളിയാഴ്ച മലപ്പുറത്തെ കവലപ്പാറയിലുണ്ടായ ഉരുള്‍പൊട്ടലില്‍ 50 പേര് കുടുങ്ങി കിടക്കുന്നതായാണ് വിവരം. കോഴിക്കോട് 4 മരണവും തൃശ്ശൂരില്‍ 3 മരണവും ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്തു. പുതുമലയില്‍ നിന്നും 9 മൃതദേഹങ്ങളും കവളപ്പാറയില്‍ നിന്നും 6 മൃതദേഹങ്ങളും കണ്ടെത്തി.
കേരളത്തില്‍ 1318 ദുരിതാശ്വാസ ക്യാപുകളിലായി 46400 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. 200 വീടുകള്‍ പൂര്‍ണമായും 2300 വീടുകള്‍ ഭാഗികമായും തകര്‍ന്നു. വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകള്‍ക്കാണ് ഞായറാഴ്ച റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
