ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ സുഷമാ സ്വരാജിന്റെ മൃതദേഹം സംസ്കരിച്ചു. വൈകീട്ട് 4.30ന് ഡല്‍ഹി ലോധീ റോഡ് ശ്മശാനത്തില്‍ പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു ചടങ്ങ്. കുടുംബാംഗങ്ങള്‍ക്ക് പുറമെ പ്രധാനമന്ത്രി, ഉപരാഷ്ട്രപതി, വിവിധ കേന്ദ്ര മന്ത്രിമാര്‍, പ്രതിപക്ഷ നേതാക്കള്‍ തുടങ്ങി പ്രമുഖര്‍ അന്തിമോപചാരമര്‍പ്പിച്ചു.
ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ രാത്രി 10.30ന് ഡല്‍ഹി എയിംസ് ആശുപത്രിയിലായിരുന്നു സുഷമാ സ്വരാജിന്റെ അന്ത്യം. ഡല്‍ഹി ജന്ദര്‍ മന്ദര്റോഡിലെ ധവാന്ദീപ് ഫ്ളാറ്റിലുള്ള സുഷമയുടെ വസതിയിലേക്ക് മണിക്കൂറുകള്‍ക്കം ഒഴുകിയെത്തിയത് ആയിരങ്ങള്‍. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാര്‍ പ്രതിപക്ഷനേതാക്കളായ രാഹുല്‍ ഗാന്ധി, മന്മോഹന് സിംഗ്, അരവിന്ദ് കെജ്രിവാള്, മായാവതി, ബൃന്ദ കാരാട്ട്, ഉമ്മന്‍ ചാണ്ടി, കുഞ്ഞാലിക്കുട്ടി തുടങ്ങി കക്ഷി രാഷ്ട്രീയ ഭേതമന്യേ പ്രമുഖര്‍ അന്തിമോപചാരം അര്‍പ്പിക്കാനെത്തി.
സുഷമാ സ്വരാജിന്റെ നിര്യാണത്തെ തുടര്‍ന്ന് ഡല്‍ഹിയിലും ഹരിയാനയിലും രണ്ടുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.
ആദ്യ നരേന്ദ്ര മോദി മന്ത്രിസഭയില്‍ വിദേശകാര്യമന്ത്രിയായിരുന്നു സുഷമ സ്വരാജ്. ദില്ലിയുടെ ആദ്യ വനിതാ മുഖ്യമന്ത്രിയും ഹരിയാനയിലെ പ്രായം കുറഞ്ഞ മന്ത്രിയുമായിരുന്നു. മുതിര്‍ന്ന ബിജെപി നേതാവ്, ലോക്സഭയിലെ മുന്‍പ്രതിപക്ഷ നേതാവ്, ദില്ലി മുന്‍ മുഖ്യമന്ത്രി, രണ്ടു തവണ ഹരിയാനയില്‍ സംസ്ഥാന മന്ത്രി. നാല് ബിജെപി സര്‍ക്കാരില്‍ മന്ത്രിയായിരുന്നു.1996,1998,1999 വാജ്പേയ്, 2014 നരേന്ദ്ര മോദി മന്ത്രിസഭകളിലായി വാര്‍ത്താ വിതരണ പ്രക്ഷേപണം, വാര്‍ത്താ വിനിമയം, ആരോഗ്യം കുടുംബക്ഷേമം, പാര്‍ലമെന്ററി കാര്യം, വിദേശകാര്യം, പ്രവാസികാര്യം വകുപ്പുകള്‍ കൈകാര്യം ചെയ്തു.
