ബെംഗളൂരു: കർണാടകയിൽ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ രണ്ട് എംഎൽഎമാർ കൂടി രാജി സമർപ്പിച്ചു. കോൺഗ്രസ് എംഎല്‍എമാരായ കെ സുധാകറും എംടിബി നാഗരാജുമാണ് സ്പീക്കറെ കണ്ടു രാജിവച്ചത്. വിമതരുമായുള്ള കോൺഗ്രസിന്റെ എല്ലാ അനുനയ ശ്രമങ്ങളും പാളിയിരിക്കുകയാണ്.
വിമത എംഎൽഎമാർ കഴിയുന്ന മുംബൈയിലെ റിനൈസൻസ് ഹോട്ടലിനു മുന്നിൽ തങ്ങിയ കോൺഗ്രസ് നേതാവും കർണാടക എംഎൽഎയുമായ ഡികെ ശിവകുമാറിനെ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. വിമത എംഎൽഎമാരെ കാണുന്നതിനും ചർച്ച ചെയ്യുന്നതിനുമായിരുന്നു അദ്ദേഹം അവിടെ എത്തിയിരുന്നത്. എന്നാൽ അദ്ദേഹത്തിന് കാണാൻ സാധിച്ചില്ല. മഴ പോലും അവഗണിച്ച് ആറ് മണിക്കൂർ ഹോട്ടലിന് മുന്നിൽ അദ്ദേഹം നിന്നിരുന്നു.
16 എംഎൽഎംമാർ രാജി സമർപ്പിച്ചു
ഇതുവരെ പതിമൂന്ന് കോൺഗ്രസ് എംഎൽഎമാർ രാജി നൽകിയിട്ടുണ്ട്. ജെഡി (എസ്) ൽ നിന്നുള്ള മൂന്ന് പേർ കത്തുകൾ സമർപ്പിച്ചു. ഹോട്ടലിൽ മുറി ബുക്ക് ചെയ്തിട്ടാണ് എത്തിയതെങ്കിലും കാരണം വ്യക്തമാക്കാതെ അധികൃതർ അത് റദ്ദാക്കിയിരുന്നു. അതുമാത്രമല്ല ഹോട്ടലിലും പരിസര പ്രദേശങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തു. നാലുപേരിൽ കൂടുതൽ ആളുകൾ പ്രദേശത്ത് സംഘം ചേരുന്നതാണ് നിരോധിച്ചിരിക്കുന്നത്.
