ചെന്നൈ: രാജ്യത്തിനെതിരായ പരാമര്‍ശം നടത്തിയെന്ന കേസില്‍ എം.ഡി.എം.കെ. ജനറല്‍ സെക്രട്ടറി വൈക്കോയ്ക്ക് ഒരു വര്‍ഷത്തെ തടവുശിക്ഷ വിധിച്ച് ചെന്നൈ കോടതി. നിരോധിത സംഘടനയായ എല്‍.ടി.ടി.ഇക്ക് അനുകൂല പരാമര്‍ശം നടത്തിയെന്ന കേസിലാണ് വി. ഗോപാലസ്വാമി എന്ന വൈക്കോയ്ക്ക് കോടതി ഒരു വര്‍ഷത്തെ തടവും 10,000 രൂപ പിഴയും വിധിച്ചത്.എങ്കിലും വൈക്കോയ്ക്ക് അപ്പീല്‍ നല്കുവാനായി ശിക്ഷ ഒരു മാസത്തേക്ക് സ്റ്റേ ചെയ്തിട്ടുണ്ട്.
2008-ല്‍ രാജ അണ്ണാമലൈ ഹാളില്‍ നടന്നപുസ്തകപ്രകാശന ചടങ്ങിനിടെയാണ് വൈക്കോ വിവാദ പരാമര്‍ശം നടത്തിയത്. നിരോധിത സംഘടനയായ ലിബറേഷന്‍ ടൈഗേഴ്സ് ഓഫ് തമിഴ് ഈഴത്തിനെതിരായ യുദ്ധം അവസാനിപ്പിച്ചില്ലെങ്കില്‍ ഇന്ത്യ ഒരു ഏക രാജ്യമായി തുടരില്ല എന്നായിരുന്നു വൈക്കോയുടെ പരാമര്‍ശം. ഇത് വിവാദങ്ങള്‍ക്ക് വഴിതുറന്നതോടെ 2009-ല്‍ വൈക്കോയ്ക്കെതിരെ സെക്ഷന്‍ 124-A പ്രകാരം രാജ്യദ്രോഹക്കുറ്റം ചുമത്തി.
ജൂലൈ 18-ന് നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ വൈക്കോ മത്സരിക്കുമെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് കോടതി വിധിപുറത്തുവന്നിരിക്കുന്നത്. മുന്‍പ് മൂന്ന് തവണ രാജ്യസഭാ പ്രതിനിധിയായി ചുമതലയേറ്റ വൈക്കോ 23 വര്‍ഷത്തിനു ശേഷമാണ് രാജ്യസഭയിലേക്ക് വിധി തേടുന്നത്.
