തിരുവനന്തപുരം: കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യതയുള്ളതായി ദേശീയ സമുദ്ര സ്ഥിതിപഠന കേന്ദ്രത്തിന്റെ (ഐഎന്‍സിഒഐഎസ്) മുന്നറിയിപ്പ്. വെള്ളിയാഴ്ച രാത്രി 11.30വരെ കാസര്‍ഗോഡ് മുതല്‍ വിഴിഞ്ഞം വരെയുള്ള കേരള തീരത്ത് മൂന്നു മുതല്‍ 3.9 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. കേരള തീരത്തോട് ചേര്‍ന്ന് കിടക്കുന്ന സമുദ്ര പ്രദേശത്തും ഉയര്‍ന്ന തിരമാലക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ്.
വേലിയേറ്റ സമയമായ രാവിലെ ഏഴു മുതല്‍ 10 വരെയും വൈകുന്നേരം ഏഴു മുതല്‍ എട്ടുവരെയും താഴ്ന്ന പ്രദേശങ്ങളില്‍ ജലനിരപ്പുയരാനും കടല്‍ക്ഷോഭമുണ്ടാകാനും സാധ്യതയുണ്ട്. പടിഞ്ഞാറ് ദിശയില്‍ നിന്ന് മണിക്കൂറില്‍ 35 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ കേരള തീരത്തേക്ക് കാറ്റ് വീശാന്‍ സാധ്യതയുള്ളതായും ഐഎന്‍സിഒഐഎസ് അറിയിച്ചു. തീരദേശവാസികള്‍ ജാഗ്രത പാലിക്കണമെന്നും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദേശമുണ്ട്.
