ഹരിയാനയില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിറകെ പ്രചരണം കൊഴുപ്പിക്കാനൊരുങ്ങി ബിജെപി. ഹരിയാനയില്‍ മിഷന്‍ 75 മുദ്രാവാക്യവുമായി പ്രചാരണം കൊഴുപ്പിക്കുകയാണ് ബിജെപി. വികസനവും, മോദി സര്‍ക്കാരിന്റെ ജനക്ഷേ നടപടികളും, ഒപ്പം പ്രതിപക്ഷത്തെ തമ്മിലടിയും ബിജെപിയ്ക്ക് ഹരിയാനയില്‍ വോക്കോവര്‍ നല്‍കുമെന്നാണ് വിലയിരുത്തല്‍.
മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറിനെയും സംഘത്തെയും എത്രിടാന്‍ ഒരായുധം പോലുമില്ലാത്ത കോണ്‍ഗ്രസ് ഇപ്പോഴെ കീഴടങ്ങിയ മട്ടാണ് എന്നാണ് വിലയിരുത്തല്‍.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 75ല്‍ 47 സീറ്റുമായാണ് ഖട്ടാര്‍ അധികാരത്തിലേറിയത്. ഇത്തവണ മിഷന്‍ 75 എന്ന മുദ്രാവാക്യവുമായാണ് ഇക്കുറി ഇറങ്ങുന്നത്. ലോക്‌സഭയിലേക്ക് 58 ശതമാനം വോട്ടോടെ പത്തില്‍ പത്ത് സീറ്റും നേടാനായത് ബിജെപിയ്ക്ക് വലിയ ആവേശം നല്‍കുന്നു.
ബിജെപി തന്ത്രങ്ങള്‍ ഇങ്ങനെ-
2014-ല്‍ മനോഹര്‍ ലാല്‍ ഖട്ടാറിനെ മുഖ്യമന്ത്രിയാക്കിയുള്ള ബി.ജെ.പി നീക്കം ഭരണതലത്തിലെ ജാട്ട് ആധിപത്യം തകര്‍ക്കുന്നതായിരുന്നു. ഇത്തവണയും അതേ തന്ത്രം തന്നെയാണ് പാര്‍ട്ടി പയറ്റുന്നത്. ജാട്ട് ഇതര മേഖലയായ യമുന നഗറും കര്‍ണാലും പാനിപ്പത്തും അംബാലയും ഉള്‍പ്പെടുന്ന വടക്കന്‍ ഹരിയാനയിലെ 23 ല്‍ 21 സീറ്റും കഴിഞ്ഞതവണ ബി.ജെ.പിക്ക് കിട്ടി. ആ മേല്‍ക്കെ ഇത്തവയും ബി.ജെ.പി ആവര്‍ത്തിച്ചേക്കും.
കശ്മീര്‍ വിഷയവും, ലോകസഭ തെരഞ്ഞെടുപ്പില്‍ നേടിയ വലിയ വിജയവും ബിജെപിയ്ക്ക് മേല്‍കൈ നല്‍കുന്നു. കേന്ദ്രസര്‍ക്കാരിന്റെ മിന്നുന്ന പ്രകടനം ബിജെപി തരംഗത്തിന് തന്നെ വഴിയൊരുക്കിയേക്കാം എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. മോദി തന്നെയാവും ഹരിയാനയിലെ താരപ്രചാരകനും.
കോണ്‍ഗ്രസിനകത്തെ തമ്മിലടി കാര്യങ്ങള്‍ അവര്‍ക്ക് എളുപ്പമാക്കും. രണ്ട് വട്ടം മുഖ്യമന്ത്രിയായിരുന്ന ഭൂപേന്ദര്‍ സിംഗ് ഹൂഡ തന്നെയാണ് ഇക്കുറിയും കോണ്‍ഗ്രസിനെ നയിക്കുന്നത്. എന്നാല്‍ ഹൂഡക്കെതിരെ വലിയ എതിര്‍പ്പ് കോണ്‍ഗ്രസിനകത്തുണ്ട്. അദ്ദേഹത്തിനെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളും തിരിച്ചടിയാകും. സംസ്ഥാനത്തെ 46 ശതമാനത്തോളം വരുന്ന ദലിത്, ജാട്ട് വോട്ടുകളില്‍ കോണ്‍ഗ്രസ് പ്രതീക്ഷ വയ്ക്കുന്നുണെട്ങ്കിലും വലിയ പ്രതീക്ഷയ്‌ക്കൊന്നും കാര്യമില്ലെന്നാണ് വിലയിരുത്തല്‍. ദലിത് നേതാവ് കുമാരി ഷെല്‍ജയെ പിസിസി അധ്യക്ഷയാക്കിയതിലുള്ള അതൃപ്തി ഇനിയും സംസ്ഥാന ഘടകത്തില്‍ തീര്‍ന്നിട്ടില്ല.
19 സീറ്റുമായി നിയമസഭയിലെ മുഖ്യ പ്രതിപക്ഷ കക്ഷിയായിരുന്ന ഐഎന്‍എല്‍ഡിയേയും വലിയ പ്രതിസന്ധിയിലാണ്. പല പ്രമുഖ നേതാക്കളും പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്ന് കഴിഞ്ഞു. ബിജെപിയിലേക്കുള്ള നേതാക്കളുടെ കൊഴിഞ്ഞു പോക്കിന് പുറമെ ചൗട്ടാല കുടുംബത്തിലെ ഭിന്നതയും കാര്യങ്ങള്‍ വഷളാക്കുന്നു.
സഖ്യചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ ആം ആദ്മി പാര്‍ട്ടിയും ജെജെപിയും ബിഎസ്പിയും ഒറ്റയ്ക്കാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഓക്ടോബര്‍ 21നാണ് ഹരിയാനയില്‍ തെരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ 24ന് ആണ്.
