ആലുവ: കൊച്ചി വിമാനത്താവളത്തിലെ ശൗചാലയത്തില്‍ കള്ളക്കടത്ത് സ്വര്‍ണ്ണം ഒളിപ്പിച്ച സംഭവത്തില്‍ താന്‍ ചതിക്കപ്പെടുകയായിരുന്നെന്ന് പിടിയിലായ 27കാരി ശ്രീലക്ഷ്മി ജയന്തിയുടെ മൊഴി. അന്താരാഷ്ട്ര ടെര്‍മിനലിലെ ആഗമന വിഭാഗത്തിലെ വനിതകളുടെ ശൗചാലയത്തില്‍ നിന്ന് കണ്ടെത്തിയ 2.566കിലോ സ്വര്‍ണം ഒഴിപ്പിച്ചതിനാണ് ആലപ്പുഴ സ്വദേശിനിയായ ശ്രീലക്ഷ്മി പിടിയിലായത്. എന്നാല്‍ വിമാനടിക്കറ്റിന് പണം കണ്ടെത്താന്‍ സുഹൃത്തിന്റെ സഹായം തേടിയ താന്‍ ചതിക്കപ്പെടുകയായിരുന്നെന്നാണ് കസ്റ്റംസ് വിഭാഗത്തിന് യുവതി നല്‍കിയ മൊഴി.
ദുബായിയില്‍ ഒരു സ്ഥാപനത്തില്‍ എച്ച് ആര്‍ മാനേജര്‍ ആയി ജോലി ചെയ്യുകയാണ് ശ്രീലക്ഷ്മി. അത്യാവശ്യമായി നാട്ടിലേക്ക് എത്തേണ്ട ആവശ്യമുണ്ടായപ്പോള്‍ വിമാനടിക്കറ്റ് ലഭ്യമായിരുന്നില്ല. എക്‌സിക്യൂട്ടീവ് ക്ലാസ് ടിക്കറ്റ് മാത്രമാണ് അവശേഷിച്ചിരുന്നത്. എന്നാല്‍ ഇതിനായുള്ള പണം കൈവശം ഇല്ലായിരുന്നതിനാല്‍ സുഹൃത്തിന്റെ സഹായം തേടുകയായിരുന്നു. അഷ്‌റഫ് എന്ന സുഹൃത്തിനെയാണ് ശ്രീലക്ഷ്മി ഇതിനായി ബന്ധപ്പെട്ടത്.
ടിക്കറ്റ് ശരിയാക്കാമെന്ന് ഏറ്റ അഷ്‌റഫ് ഒരു സ്വര്‍ണമാല നാട്ടിലെത്തിക്കണമെന്ന് യുവതിയോട് ആവശ്യപ്പെടുകയായിരുന്നു. വിമാനത്താവളത്തില്‍ വച്ചാണ് ഇത് ശ്രീലക്ഷ്മിയെ ഏല്‍പ്പിക്കുന്നത്. സ്വര്‍ണക്കട്ടികളാണെന്ന് അറിഞ്ഞപ്പോള്‍ താന്‍ പൊതി സ്വീകരിക്കാന്‍ വിസമ്മതിച്ചെങ്കിലും ടിക്കറ്റ് എടുത്തുതന്ന കാരണം പറഞ്ഞ് നിര്‍ബന്ധിക്കുകയായിരുന്നെന്ന് യുവതി പൊലീസിനോട് പറഞ്ഞു.
ഹാന്‍ഡ് ബാഗിലാണ് പൊതി ഒളിപ്പിച്ചത്. പേടിച്ചാണ് യാത്ര ചെയ്തത്. വിമാനമിറങ്ങിയപ്പോള്‍ പാസ്‌പോര്‍ട്ട് കാണാതെയായി. വിമാനത്തില്‍ കയറി നോക്കാന്‍ ജീവനക്കാര്‍ സമ്മതിച്ചില്ല. പിന്നെ വിമാനത്താവളത്തിലെ ശൗചാലയത്തില്‍ കയറി പൊതി ഉപേക്ഷിക്കുകയായിരുന്നു, എന്നാണ് യുവതിയുടെ മൊഴി.
യുവതിയുടെ മൊഴി വിശ്വാസയോഗ്യമല്ലെന്നാണ് കസ്റ്റംസ് വിഭാഗത്തിന്റെ വിലയിരുത്തല്‍. അഷ്‌റഫിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കുകയാണ്. ശ്രീലക്ഷ്മിക്ക് ടിക്കറ്റ് തരപ്പെടുത്തി കൊടുത്തത് സ്വര്‍ണക്കടത്തുമായി ബന്ധമുള്ളവരാണെന്നാണ് അനേഷണഉദ്യോഗസ്ഥര്‍ സംശയിക്കുന്നത്.
ഫെബ്രുവരി 22-ാം തിയതിയാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ വനിതകളുടെ ശുചിമുറിയില്‍ പ്ലാസ്റ്റിക് പേപ്പറില്‍ പൊതിഞ്ഞ നിലയില്‍ സ്വര്‍ണം കണ്ടെത്തിയത്. 22 സ്വര്‍ണ ബിസ്‌കറ്റുകളാണ് പൊതിയില്‍ ഉണ്ടായിരുന്നത്. സ്വര്‍ണം പുറത്തെത്തിക്കാന്‍ മറ്റാരെയെങ്കിലും ചുമതലപ്പെടുത്തിയതിന്റെ ഭാഗമായാണ് ഇത് ഇവിടെ ഒളിപ്പിച്ചതെന്നാണ് കരുതപ്പെടുന്നത്.
വിമാനത്താവള ജീവനക്കാരെയടക്കം സംഭവത്തില്‍ ആദ്യഘട്ടത്തില്‍ തന്നെ ചോദ്യം ചെയ്തിരുന്നു. ജീവനക്കാരുടെ ഒത്താശയോടെ മുമ്ബും സ്വര്‍ണം കടത്തിയിട്ടുണ്ട്. എന്നാല്‍ ചോദ്യം ചെയ്യലില്‍ മതിയായ തുമ്ബൊന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചില്ല.
