റാഞ്ചി: രാജ്യം ഇന്ന് അഞ്ചാമത് അന്താരാഷ്ട്ര യോഗാദിനം ആചരിക്കുകയാണ്. ക്ലൈമറ്റ് ആക്ഷന്‍ എന്നതാണ് ഇത്തവണത്തെ യോഗാദിനത്തിന്‍റെ തീം.
അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ചുള്ള പ്രധാനപരിപാടികള്‍ ഇത്തവണ ഝാര്‍ഖണ്ഡിന്‍റെ തലസ്ഥാനമായ റാഞ്ചിയിലാണ് നടന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദി റാഞ്ചിയിലെ പ്രഭാത് താര മൈതാനത്തെ പരിപാടിയിലാണ് പങ്കുചേര്‍ന്നത്. മുഖ്യമന്ത്രി രഘുബര്‍ ദാസും മന്ത്രിമാരും പ്രധാനമന്ത്രിയ്ക്കൊപ്പം പരിപാടിയില്‍ പങ്കെടുത്തു. ഏകദേശം നാല്‍പതിനായിരം ആളുകളാണ് പ്രധാനമന്ത്രിയ്ക്കൊപ്പം യോഗയില്‍ പങ്കെടുത്തത്.
ഇന്ന് നേരിടുന്ന ആഗോള വെല്ലുവിളികള്‍ക്ക് പരിഹാരമാണ് യോഗയെന്നും യോഗ നഗരങ്ങളില്‍നിന്നും ഗ്രാമങ്ങളിലേയ്ക്ക് എത്തിക്കേണ്ട സമയമായെന്നും പ്രധാനമന്ത്രി പറഞ്ഞു.സമാധാനം, സമൃദ്ധി, ഐക്യം എന്നിവ പ്രോത്സാഹിപ്പിക്കുക എന്നതാണ് യോഗയുടെ മുദ്രാവാക്യം. നമുക്കെല്ലാവര്‍ക്കും യോഗയുടെ പ്രാധാന്യം നന്നായി അറിയാം. ഇത് എല്ലായ്‌പ്പോഴും നമ്മുടെ സംസ്‌കാരത്തിന്‍റെ ഭാഗമാണ്. യോഗ പരിശീലനം അടുത്ത തലമുറയിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്നും മോദി കൂട്ടിച്ചേര്‍ത്തു.
റാഞ്ചിക്ക് പുറമെ ഡല്‍ഹി, ഷിംല, മൈസൂരു, അഹമ്മദാബാദ് എന്നീ നഗരങ്ങളിലാണ് ദേശീയതലത്തില്‍ യോഗാചരണം സംഘടിപ്പിച്ചിരിക്കുന്നത്. ഡല്‍ഹിയില്‍ രാജ്‍പഥിലാണ് യോഗാദിനത്തോടനുബന്ധിച്ചുള്ള പ്രധാന പരിപാടി. ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ് മറ്റ് കേന്ദ്രമാര്‍ എന്നിവരും യോഗാ പരിപാടികളില്‍ പങ്കാളികളായി. ജില്ലാ കേന്ദ്രങ്ങളില്‍ യോഗ സംഘടിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കിയിരുന്നു.
