കര്‍ണാടക: പതിനഞ്ച് ഭരണ കക്ഷി എംഎല്‍എമാരാണ് കര്‍ണാടകത്തില്‍ രാജി സമര്‍പ്പിച്ചിരിക്കുന്നത്. ഇതിന് പിന്നില്‍ ബിജെപി ആണെന്നത് വ്യക്തവും ആണ്. എംഎല്‍എമാരെ സുരക്ഷിതമായി പാര്‍പ്പിക്കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്തതും ബിജെപി തന്നെ.
സര്‍ക്കാരിനെ വീഴ്ത്തുക എന്ന ഒറ്റ ലക്ഷ്യം മാത്രമേ ബിജെപിക്ക് മുന്നിലുള്ളു. ഇതിനായുള്ള ശ്രമം നിയമസഭ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ മുതല്‍ തുടങ്ങിയതാണ്. അതെല്ലാം കോണ്‍ഗ്രസിന് അപ്പപ്പോള്‍ തടയാന്‍ സാധിച്ചു.
എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ ഒരുപാട് മുന്നോട്ട് കൊണ്ടുപോകാന്‍ ബിജെപിയ്ക്ക് സാധിച്ചിട്ടുണ്ട്. പക്ഷേ, ഒടുവില്‍ അവര്‍ പുലിവാല് പിടിക്കുമോ എന്നതാണ് ഇപ്പോള്‍ അവശേഷിക്കുന്ന ചോദ്യം. എംഎല്‍എമാരുടെ രാജി എന്നത് അത്ര എളുപ്പത്തില്‍ നടക്കാവുന്ന ഒന്നല്ല എന്നത് തന്നെ കാര്യം.
