ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും എം.ടി.എന്‍.എല്‍, ബി.എസ്.എന്‍.എല്‍ പൊതുമേഖല ടെലികോം കമ്പനികളെ കരകയറ്റാന്‍ നടപടികളുമായി കേന്ദ്രസര്‍ക്കാര്‍. ജീവനക്കാര്‍ക്ക് വി.ആര്‍.എസ് പാക്കേജ് പ്രഖ്യാപിക്കുക, ആസ്തികള്‍ വിറ്റഴിച്ച് പണം കണ്ടെത്തുക, ഇരു കമ്പനികള്‍ക്കും 4ജി അനുവദിക്കുക എന്നീ നിര്‍ദേശങ്ങളടങ്ങുന്ന ടെലികോം മന്ത്രാലയം സമര്‍പ്പിച്ച പാക്കേജിനെപ്പറ്റി ഇന്നലെ ആഭ്യന്തര മന്ത്രി അമിത് ഷാ അദ്ധ്യക്ഷനായ മന്ത്രിതല സമിതി ചര്‍ച്ച ചെയ്തു. എന്നാല്‍ അന്തിമ തീരുമാനം സമിതി എടുത്തിട്ടില്ല.
കേന്ദ്ര ഐ.ടി – നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്,ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങള്‍. വി.ആര്‍.എസ് താല്‍പര്യമുളള ജീവനക്കാര്‍ക്കു തിരഞ്ഞെടുക്കാം. വി.ആര്‍.എസ് പദ്ധതി നടപ്പാക്കാനായി 6365 കോടി രൂപ ബി.എസ്.എന്‍.എല്ലിനും 2120 കോടി രൂപ എം.ടി.എന്‍.എല്ലിനുമായി ചെലവ് വരും.
4ജി അനുവദിക്കുന്നതിന് എം.ടി.എന്‍.എല്ലിന് 6000 കോടി രൂപയും ബി.എസ്.എന്‍.എല്ലിന് 14000 കോടി രൂപയുമാണ് ചെലവ് വരുന്നത്. തുക കണ്ടെത്തുന്നതിന്റെ ഭാഗമായി കമ്പനികളുടെ ആസ്തി വിറ്റഴിക്കാനാണ് തീരുമാനം.1.10 ലക്ഷം കോടി രൂപയാണ് ഇരു കമ്പനികളുടെയും സംയുക്ത റിയല്‍ എസ്റ്റേറ്റ് മൂല്യം.
