ന്യൂഡല്‍ഹി: ലോക്സഭ തിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് യു.എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ജപ്പാനിലെ ഒസാക്കയില്‍ നടക്കുന്ന ജി-20 ഉച്ചകോടിയിലെ കൂടിക്കാഴ്ചയിലാണ് ട്രംപിന്റെ അഭിനന്ദനം. നിങ്ങള്‍ അത് അര്‍ഹിക്കുന്നുവെന്ന് ട്രംപ് പറഞ്ഞു.
‘നിങ്ങള്‍ എല്ലാവരെയും ഒരുമിച്ച് നിര്‍ത്തുന്നതില്‍ വിജയിച്ചിരിക്കുന്നു. ഞാന്‍ ഓര്‍ക്കുന്നു നിങ്ങള്‍ ആദ്യം അധികാരമേല്‍ക്കുന്ന സമയത്ത് രാജ്യത്ത് പല വിഭാഗങ്ങളുണ്ടായിരുന്നു. ഇപ്പോള്‍ അവര്‍ ഒരുമിച്ചു, ഇത് നിങ്ങളുടെ കഴിവാണ്.’-ട്രംപ് പറഞ്ഞു. ലോക്സഭ തിരഞ്ഞെടുപ്പില്‍ 2014നേക്കാള്‍ മികച്ച വിജയമാണ് ബി.ജെ.പി ഇത്തവണ സ്വന്തമാക്കിയത്.
‘നമ്മള് അടുത്ത സുഹൃത്തുക്കളാണ്. എന്നാല്‍ നമ്മുടെ രാജ്യങ്ങള്‍ തമ്മില്‍ ആ അടുപ്പം ഉണ്ടായിട്ടില്ല. ഇന്ത്യയും അമേരിക്കയും തമ്മില്‍ സൈനിക-വ്യാപാര നടപടികള്‍ ഉള്‍പ്പെടെ ഒന്നിച്ച് പ്രവര്‍ത്തിക്കും, ഇന്ന് ഇക്കാര്യം ചര്‍ച്ച ചെയ്യും’- ട്രംപ് പറഞ്ഞു. അമേരിക്കയുമായി ഇന്ത്യ നല്ല ബന്ധം നിലനിര്‍ത്തുമെന്നും ഇന്ത്യയ്ക്ക് യു.എസുമായി ശക്തമായ വ്യാപാര ബന്ധമുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ചില ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ ഇന്ത്യ കൂട്ടിയിരുന്നു. ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചത് അംഗീകരിക്കാനാവില്ലെന്നും അത് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ട്രംപ് രംഗത്തെത്തിയിരുന്നു.
