ദില്ലി: പതിനേഴാമത് ലോക്സഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തിരിച്ചടിയായിരുന്നു രാജ്യത്തെ ഇടതുപക്ഷ പാര്‍ട്ടികള്‍ക്ക് നേരിടേണ്ടി വന്നത്. എഴുപതിലേറെ സീറ്റുകളില്‍ മത്സരിച്ച സിപിഎമ്മിനും സിപിഐക്കും യഥാക്രമം മൂന്നും രണ്ടും അംഗങ്ങളെ മാത്രമാണ് ജയിപ്പിക്കാന്‍ കഴിഞ്ഞത്.
പരമ്പരാഗത ശക്തികേന്ദ്രങ്ങളായ പശ്ചിമബംഗാളിലും ത്രിപുരയിലും കേരളത്തിലും തകര്‍ന്നടിഞ്ഞപ്പോള്‍ ആകെ ആശ്വാസമായത് തമിഴ്നാട്ടിലെ വിജയമായിരുന്നു. കോണ്‍ഗ്രസ്-ഡിഎംകെ സഖ്യത്തിന്‍റെ ഭാഗമായി മത്സരിച്ച സിപിഎമ്മും സിപിഐയും തമിഴ്നാട്ടില്‍ രണ്ട് സീറ്റുകളില്‍ വീതം വിജയിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ പാര്‍ലമെന്‍റില്‍ തന്നെ സിപിഎമ്മിന്‍റെ പ്രസക്തിക്ക് വിഘാതം സംഭവിച്ചേക്കാവുന്ന ഒരുവെല്ലുവിളിയും പാര്‍ട്ടി നേരിടുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ.
ലോക്സഭ തിരഞ്ഞെടുപ്പില്‍ 3 അംഗങ്ങള്‍ മാത്രമായി ചുരുങ്ങിയതോടെ പാര്‍ലമെന്‍റില്‍ അനുവദിച്ചിരിക്കുന്ന പാര്‍ട്ടി ഓഫീസ് നഷ്ടമായേക്കുമെന്ന ആശങ്കയാണ് സിപിഎം ഇപ്പോള്‍ നേരിടുന്നത്. പതിറ്റാണ്ടുകളായി പാര്‍ട്ടി ഓഫിസായി പ്രവര്‍ത്തിക്കുന്ന മുറി നഷ്ടമായാല്‍ സിപിഎമ്മിനത് വലിയ തിരിച്ചടിയായേക്കും.
