തിരുവനന്തപുരം: അട്ടക്കുളങ്ങര വനിതാ ജയിലില്‍ നിന്നും ചാടിയ സന്ധ്യ, ശില്‍പ്പ എന്നീ തടവുകാരെ കണ്ടെത്താനാകാതെ പോലീസ്. സംഘം സംസ്ഥാനം വിട്ടതായാണ് പോലീസിന്റെ നിഗമനം. ഇവര്‍ ചെല്ലാനിടയുള്ള സ്ഥലങ്ങളിലും ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ വീടുകളിലും മറ്റും പോലീസ് പരിശോധന ഊര്‍ജിതമാക്കി.
ജയില്‍ ചാടിയ വനിതകള്‍ ട്രെയിന്‍ മാര്‍ഗം സംസ്ഥാനം വിട്ടതായാണ് പോലീസിന്റെ നിഗമനം. ഇതിന്റെ പശ്ചാത്തലത്തില്‍ ബസ് സ്റ്റാന്റ്, റെയില്‍വെ സ്‌റ്റേഷന്‍ പരിസരങ്ങളില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. റെയില്‍വെ പോലീസിനോട് പ്രതികളെ കണ്ടെത്തുന്നതിന് സഹായം അഭ്യര്‍ഥിച്ചിട്ടുമുണ്ട്. ജയില്‍ ചാടാനുള്ള പദ്ധതി ഇവര്‍ നേരത്തെ ആസൂത്രണം ചെയ്തിരുന്നതായും ഇതിന് ഇവര്‍ക്ക് തടവുകാരില്‍ ഒരാളുടെയും പുറത്തുള്ള ഒരു യുവാവിന്റെയും സഹായം കിട്ടിയിട്ടുണ്ടെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. കൃഷിത്തോട്ടത്തിലെ മുരിങ്ങ മരത്തിലൂടെ കയറി മതില്‍ ചാടിയാണ് ഇരുവരും രക്ഷപ്പെട്ടത്. രണ്ട് പേരും സാമ്ബത്തിക തട്ടിപ്പ് കേസിലെ പ്രതികളാണ്.
ശില്‍പ്പ, സുഹൃത്തായ യുവാവിനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി സൂചന ലഭിച്ചതിന്റെ പശ്ചാത്തലത്തില്‍ ഇയാളെ ചോദ്യം ചെയ്തുവരികയാണ്. ഫോണ്‍കോള്‍ രേഖകള്‍ പരിശോധിച്ചതില്‍ നിന്നാണ് പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചത്. അതേസമയം ഇവരുടെ കയ്യില്‍ പണമില്ലാത്തതിനാല്‍ കൂടുതല്‍ ദിവസങ്ങള്‍ ഒളിച്ചു താമസിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്നും അതുകൊണ്ടുതന്നെ ഇവരെ ഉടന്‍ കണ്ടെത്താന്‍ കഴിയുമെന്നുമാണ് പോലീസ് കണക്കു കൂട്ടുന്നത്.
ഫോര്‍ട്ട് എസി പ്രതാപന്‍ നായരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. തടവുകാരുടെ ജയില്‍ചാട്ടത്തിന് ജയിലിലെ ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. തടവുകാരുടെ ജയില്‍ചാട്ടത്തെക്കുറിച്ച് വകുപ്പ് തല അന്വേഷണത്തിന് ജയില്‍ ഡിജിപി ഋഷിരാജ് സിംഗ് ഉത്തരവിട്ടു. ജയില്‍ ഡിഐജിയോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം നല്‍കിയത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുക.
