ഡല്‍ഹി: വരുന്ന സെപ്റ്റംബറിനുള്ളില്‍ ഗവര്‍ണര്‍ സ്ഥാനം ഒഴിവ് വരുന്നത് കേരളമുള്‍പ്പടെ രാജ്യത്തെ 13 സംസ്ഥാനങ്ങളിലാണ്. 11 ഇടത്ത് സെപ്റ്റംബറോടെ ഗവര്‍ണറുടെ കാലാവധി അവസാനിക്കുമ്ബോള്‍, മിസോറമിലും ഛത്തീസ്‌ഗഡിലും സ്ഥിരം ഗവര്‍ണര്‍ ഇല്ലെന്നതിനാല്‍ പുതിയ ആളെ നിയമിക്കുകയും വേണം. 17ാം ലോക്‌സഭയുടെ ആദ്യ സമ്മേളനം കഴിയുന്നതിന് പിന്നാലെ ഉത്തര്‍പ്രദേശ്, ബംഗാള്‍, ഗുജറാത്ത്, നാഗാലാന്‍ഡ് എന്നിവിടങ്ങളിലും പുതിയ ഗവര്‍ണര്‍മാരെ നിയോഗിക്കും. സ്ഥാനമൊഴിയുന്ന ഗവര്‍ണര്‍മാരില്‍ ഭൂരിഭാഗം പേര്‍ക്കും വീണ്ടും അവസരത്തിനു സാധ്യത കുറവാണെന്നാണ് വിവരം.
ഗവര്‍ണര്‍ പദവിയില്‍ തുടര്‍ച്ചയായി 13 വര്‍ഷം പിന്നിട്ട ഇ.എസ്.എല്‍.നരസിംഹനാണു കാലാവധി പൂര്‍ത്തിയാക്കുന്നവരുടെ പട്ടികയില്‍ ആദ്യം. ആന്ധ്രയുടേയും തെലങ്കാനയുടേയും ഗവര്‍ണാണ് നരസിംഹന്‍. 73കാരനായ നരസിംഹനെ മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റാനും സാധ്യതയുണ്ട്. 2014ല്‍ തെലങ്കാന സംസ്ഥാനം രൂപീകരിച്ചെങ്കിലും ആന്ധ്രയ്ക്കും തെലങ്കാനയ്ക്കുമായി ഒറ്റ ഗവര്‍ണറായിരന്നു ഇതുവരെ. ഇനി മുതല്‍ ആ സംവിധാനത്തിന് മാറ്റമുണ്ടാകും. കേരളത്തില്‍ കാലാവധി പൂര്‍ത്തിയാക്കുന്ന സദാശിവത്തിന് ഇനിയും അവസരം ലഭിക്കുമെങ്കിലും അത് കേരളത്തില്‍ തന്നെ ആകുമോ എന്ന് ഉറപ്പില്ല. 2014 ഓഗസ്റ്റിലാണു സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് പി. സദാശിവം കേരളത്തില്‍ ഗവര്‍ണറായത്.
ഗവര്‍ണര്‍മാരായ കേസരിനാഥ് ത്രിപാഠി (ബംഗാള്‍), രാംനായിക് (ഉത്തര്‍പ്രദേശ്), ഒ.പി.കോലി (ഗുജറാത്ത്), പി.ബി.ആചാര്യ (നാഗാലാന്‍ഡ്) എന്നിവര്‍ക്കു പകരം നിയമനം ഒരു മാസത്തിനുള്ളിലുണ്ടാകും എന്നാണ് വിവരം. സ്ഥാനമൊഴിയുന്ന ആര്‍ക്കും തന്നെ വീണ്ടും അവസരം ലഭിക്കില്ല. 4 പേര്‍ക്കും 80 വയസ്സു കഴിഞ്ഞതിനാല്‍ വീണ്ടും അവസരം ലഭിച്ചേക്കില്ല.കുമ്മനം രാജശേഖരന്‍ പദവി ഒഴിഞ്ഞതിനെ തുടര്‍ന്ന് ഒഴിവ് വന്ന മിസോറം, മധ്യപ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലിന് അധികചുമതലയുള്ള ഛത്തീസ്‌ഗഡ് എന്നിവിടങ്ങളിലും പുതിയ ഗവര്‍ണര്‍മാര്‍ക്കു സാധ്യതയുണ്ട്. ഝാര്‍ഖണ്ഡിലും ഹിമാചല്‍പ്രദേശിലും 2020ല്‍ ഗവര്‍ണര്‍ പദവിയില്‍ ഒഴിവു വരും.
13 സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍ പദവി ഒഴിവ് വന്നതോടെ പല പ്രമുഖരുടേയും പേരുകളും സജീവമായി കേള്‍ക്കുന്നുണ്ട്. സുഷമ സ്വരാജ്, സുമിത്ര മഹാജന്‍, ഉമാ ഭാരതി തുടങ്ങി ബിജെപിയുടെ തലമുതിര്‍ന്ന നേതാക്കള്‍ മുതല്‍ പുതുച്ചേരി ലഫ്. ഗവര്‍ണര്‍ കിരണ്‍ ബേദി വരെയുള്ളവരുടെ പേരുകള്‍ ഗവര്‍ണര്‍ നിയമനത്തില്‍ പരിഗണിക്കപ്പെടുന്നതായാണു വിവരം. മിസോറാം ഗവര്‍ണര്‍ സ്ഥാനം രാജിവെച്ച് തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും ഒരുലക്ഷം വോട്ടിന് തോറ്റ കുമ്മനത്തിന് ഇനിയും എന്തെങ്കിലും പദവി ലഭിക്കുമോ എന്ന് വ്യക്തമല്ല. വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി കുമ്മനത്തെ തന്നെ പരിഗണിക്കുന്നതിനാലാണ് തല്‍ക്കാലം ഗവര്‍ണര്‍ പദവിയിലേക്ക് കൊണ്ട് വരേണ്ടതില്ല എന്ന തീരുമാനം എന്നാണ് സൂചന.
ആന്ധ്ര ഗവര്‍ണറായി തിരഞ്ഞെടുക്കപ്പെട്ട സുഷമയ്ക്ക് അനുമോദനം അറിയിച്ചു കേന്ദ്രമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍ ട്വീറ്റ് ചെയ്തതോടെയാണ് ഇതുസംബന്ധിച്ച അഭ്യൂഹങ്ങള്‍ സജീവമായത്. എന്നാല്‍ ആന്ധ്രയിലേക്ക് പോകുന്നുവെന്ന വാര്‍ത്ത തെറ്റാണ് എന്ന് വിശദീകരണവുമായി സുഷമ്മ സ്വരാജ് തന്നെ രംഗത്തെത്തി.
