മുംബൈയിലെ ആരേയില്‍ മെട്രൊ കാര്‍ ഷെഡ് നിര്‍മാണത്തിനായി മരങ്ങള്‍ വെട്ടിമാറ്റുന്നത് സുപ്രീം കോടതി തടഞ്ഞു. മരംവെട്ടുന്നതു തടയണമെന്ന് അഭ്യര്‍ഥിച്ച് നിയമ വിദ്യാര്‍ഥി ചീഫ് ജസ്റ്റിസിന് അയച്ച കത്ത് പൊതുതാത്പര്യ ഹര്‍ജിയായി പരിഗണിച്ചാണ് സുപ്രീം കോടതി നടപടി.
ആരെയില്‍നിന്നു മരങ്ങള്‍ മുറിച്ചുമാറ്റുന്നത് വിശദമായി പരിശോധിക്കേണ്ടതുണ്ടെന്ന് ജസ്റ്റിസുമാരായ അരുണ്‍ മിശ്രയും അശോക് ഭൂഷണും ഉള്‍പ്പെട്ട പ്രത്യേക ബെഞ്ച് നിരീക്ഷിച്ചു. 21ന് സുപ്രീം കോടതിയുടെ വനംബെഞ്ച് കേസില്‍ വാദം കേള്‍ക്കും. അതുവരെ ഒരു മരം പോലും ഇനി വെട്ടരുതെന്ന് കോടതി നിര്‍ദേശിച്ചു.
മെട്രൊ കാര്‍ ഷെഡ് നിര്‍മാണത്തിനായി ആരെ കോളനിയിലെ മരങ്ങള്‍ വെട്ടിമാറ്റാനുള്ള തീരുമാനം വന്‍ വിവാദമായിരുന്നു. ഇതിനെതിരെ പരിസ്ഥിതി സംഘടനകള്‍ ബോംബെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി തള്ളുകയായിരുന്നു. ആരെ കോളനി വനം ആണെന്നു കണക്കാക്കാനാവില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി ഹര്‍ജി തള്ളിയത്.
തുടര്‍ന്നു മരങ്ങള്‍ മുറിച്ചുനീക്കാന്‍ തുടങ്ങിയെങ്കിലും പരിസ്ഥിതി സംഘടനകളുടെ എതിര്‍പ്പു തുടര്‍ന്നു. ഇതിനിടെയാണ് നിയമ വിദ്യാര്‍ഥിയായ റിഷവ് രഞ്ജന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കു കത്തയച്ചത്. ഇതു പൊതുതാത്പര്യ ഹര്‍ജിയായി പരിഗണിച്ച കോടതി പ്രത്യേക ബെഞ്ച് രൂപീകരിച്ചു വാദം കേള്‍ക്കുകയായിരുന്നു.
