മുംബൈ: വിദ്യാഭ്യാസസ്ഥാപനങ്ങളിലെ പ്രവേശനത്തിനും സര്‍ക്കാര്‍ ജോലിക്കും മറാഠ വിഭാഗങ്ങള്‍ക്കു സംവരണം ഭരണഘടനാനുസൃതമാണെന്നു ബോംബെ ഹൈക്കോടതി. സംസ്ഥാന പിന്നോക്ക വിഭാഗ കമ്മീഷന് നിര്‍ദേശിച്ച രീതിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 12 ശതമാനവും സര്‍ക്കാര്‍ ജോലിക്കു 13 ശതമാനവും സംവരണം ആകാമെന്നാണു കോടതി നിര്‍ദേശം. അതേസമയം, 16 ശതമാനം സംവരണം എന്നതു 12ഉം 13ഉം ശതമാനമാക്കണമെന്നു ജസ്റ്റീസ് രഞ്ജിത് മോറെയും ജസ്റ്റീസ് ഭാരതി ഡോംഗ്രിയും അടങ്ങുന്ന ബെഞ്ച് നിര്‍ദേശിച്ചു.
സംവരണം 50 ശതമാനത്തില്‍ അധികമാകരുതെന്നു സുപ്രീംകോടതി വിധിയുണ്ടെങ്കിലും വ്യക്തമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ സംവരണം ആകാമെന്നു കോടതി നിരീക്ഷിച്ചു. അതേസമയം 16 ശതമാനം സംവരണം എന്ന മാനദണ്ഡത്തില്‍ നിരവധി വിദ്യാര്‍ഥികള്‍ക്കു സ്കൂളുകളിലും കോളജുകളിലും പ്രവേശനം നല്‍കിയിട്ടുണ്ടെന്നും ഇക്കൊല്ലം അതു തുടരാന്‍ അനുവദിക്കണമെന്നും സംസ്ഥാനസര്‍ക്കാര്‍ അഭ്യര്‍ഥിച്ചു.
