ബംഗാൾ ചിട്ടി തട്ടിപ്പ് കേസ്: തെളിവ് നശിപ്പിച്ചതിൻറെ തെളിവ് നാളെ ഹാജരാക്കണമെന്ന് സിബിഐയോട് സുപ്രീം കോടതി, കേസ് നാളെ പരിഗണിക്കും
ശാരദ, റോസ് വാലി ചിട്ടി തട്ടിപ്പ് കേസിൽ കൊൽക്കത്ത പൊലീസ് കമ്മീഷണർ രാജീവ് കുമാർ തെളിവ് നശിപ്പിച്ചതിനുള്ള തെളിവ് നാളെ ഹാജരാക്കണമെന്ന് സുപ്രീം കോടതി സിബിഐയോട് ആവശ്യപ്പെട്ടു. മതിയായ തെളിവുകൾ ഹാജരാക്കിയാൽ ശക്തമായ ഇടപെടൽ ഉണ്ടാകുമെന്നും കോടതി വ്യക്തമാക്കി.
തട്ടിപ്പുമായി ബന്ധപ്പെട്ട് ബംഗാളിൽ നടക്കുന്നത് അസാധാരണ സംഭവങ്ങളാണെന്നും അതിനാൽ കേസ് ഇന്ന് തന്നെ അടിയന്തിരമായി പരിഗണിക്കണമെന്നും ആവശ്യപ്പെട്ട് സിബിഐ സമീപിച്ചപ്പോഴാണ് കോടതി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
അതിനിടെ, സംഭവത്തെ കുറിച്ച് ഗവർണർ കേന്ദ്രത്തിന് സമർപ്പിച്ച പ്രാഥമിക റിപ്പോർട്ട് ബംഗാൾ പൊലീസിന് എതിരെന്ന് റിപ്പോർട്ട്. കഴിഞ്ഞ ദിവസം കൊൽക്കത്ത കമ്മീഷണർ രാജീവ് കുമാറിനെ ചോദ്യംചെയ്യാനെത്തിയ സിബിഐ ഉദ്യോഗസ്ഥനെ സംസ്ഥാന പൊലീസ് മോശമായി കൈകാര്യം ചെയ്താണ് അറസ്റ്റ് ചെയ്തതെന്നും, ഇത് ശരിയായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. കൂടാതെ, കൊൽക്കത്തയിലെ സിബിഐ ഓഫീസ് സംസ്ഥാന പൊലീസ് വളഞ്ഞെന്നും റിപ്പോർട്ടിൽ പറയുന്നു. ഗവർണ്ണറുടെ വിശദമായ റിപ്പോർട്ട് പിന്നീട് അയക്കും.
