തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ നിലവറയില്‍ സൂക്ഷിച്ചിട്ടുള്ള അമൂല്യ രത്നങ്ങളും ആഭരണങ്ങളും പുരാവസ്തുക്കളും അടക്കമുള്ളവ പൊതുജനങ്ങള്‍ക്ക് നേരില്‍ കാണാന്‍ അവസരമൊരുങ്ങുന്നു. അമൂല്യ വസ്തുക്കള്‍ പ്രദര്‍ശിപ്പിക്കാന്‍ മ്യൂസിയം തുടങ്ങുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിയമസഭയില്‍ വ്യക്തമാക്കി. ഇത് സംബന്ധിച്ച കെ.ബി. ഗണേശ് കുമാറിന്റെ ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. നിലവില്‍ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സുപ്രീം കോടതി പരിഗണനയിലാണ്. അതുകൊണ്ട് സര്‍ക്കാരിന് തീരുമാനം എടുക്കാന്‍ കഴിയില്ല. കോടതി തീരുമാനം വരുന്ന മുറയ്ക്ക് മറ്റ് കാര്യങ്ങള്‍ ആലോചിക്കും.
ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധിശേഖരം വിദേശികള്‍ക്കും സ്വദേശികള്‍ക്കും കാണാനുള്ള അവസരമുണ്ടാക്കാന്‍ മ്യൂസിയം ഉണ്ടാക്കണമെന്നായിരുന്നു ഗണേശ്കുമാറിന്റെ നിര്‍ദ്ദേശം. ടിക്കറ്റില്‍ നിന്ന് ലഭിക്കുന്ന വരുമാനം ക്ഷേത്രത്തിന്റെ നവീകരണത്തിനും സുരക്ഷാ ക്രമീകരണങ്ങള്‍ക്കും മ്യൂസിയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കുന്നതിനൊപ്പം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കാമെന്ന് ഗണേശ്കുമാര്‍ നിര്‍ദ്ദേശിച്ചു. ടൈം മാഗസിനില്‍ വന്നിട്ടുള്ള ഒരു ലേഖനത്തില്‍ ലോകത്തെ ഏറ്റവും സമ്ബന്നനായ ഈശ്വരനെന്നാണ് ശ്രീപദ്മനാഭനെ കുറിച്ച് വിശേഷിപ്പിച്ചിട്ടുള്ളത്. ലോകത്തിന്റെ എല്ലാ ഭാഗത്തും ഇന്ന് ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം പ്രസിദ്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
