മലയാളം

കൊടുംഭീകരനോട് രാഹുൽ ഗാന്ധിക്ക് ബഹുമാനം, മസൂദ് അസറിനെ ‘ജി’ ചേർത്ത് അഭിസംബോധന ചെയ്തു

ഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന്‍റെ സൂത്രധാരനും ജയ്‌ഷെ മുഹമ്മദ്  തലവനുമായ മസൂദ് അസറിനെ ‘ജി’ ചേര്‍ത്ത് അഭിസംബോധന ചെയ്ത കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിവാദത്തില്‍. ഡല്‍ഹിയില്‍ നടന്ന ഒരു പരിപാടിക്കിടെ സംസാരിക്കുമ്പോഴാണ് രാഹുല്‍ ഗാന്ധി ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ ‘ജി’ ചേര്‍ത്ത് അഭിസംബോധന ചെയ്തത്. ധീരസൈനികരുടെ ജീവനെടുത്ത കൊടുംഭീകരനോടുള്ള രാഹുലിന്‍റെ ബഹുമാന പ്രകടനത്തിനെതിരേ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

‘പുല്‍വാമയിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ 40-45 സിആര്‍പിഎഫ് ജവാന്‍മാര്‍ രക്തസാക്ഷികളായി. ആരാണ് ജവാന്‍മാരുടെ ബസില്‍ ബോംബ് ആക്രമണം നടത്തിയത്? ജയ്‌ഷെ മുഹമ്മദ്. നിങ്ങള്‍  മസൂദ് അസറിനെ ഓര്‍മിക്കുന്നുണ്ടാകും. 56 ഇഞ്ചുകാരുടെ മുന്‍കാല സര്‍ക്കാരിന്റെ കാലത്ത് ഇപ്പോഴത്തെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഒരു വിമാനത്തില്‍ ‘മസൂദ് അസര്‍ജി’യുമായി എത്തി, അദ്ദേഹത്തെ പാകിസ്താന് കൈമാറി’- എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിലെ വിവാദ പരാമര്‍ശം.

1999ല്‍ വാജ്‌പേയി പ്രധാനമന്ത്രിയായിരുന്ന കാലത്ത് ജയിലില്‍ കഴിഞ്ഞിരുന്ന മസൂദ് അസറിനെ വിട്ടയയ്‌ക്കേണ്ടിവന്ന സാഹചര്യത്തെ പരാമര്‍ശിച്ചുകൊണ്ടായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രസംഗം. തട്ടിയെടുത്ത വിമാനത്തിന് പകരമായി മസൂദ് അസറിനെ വിട്ടയയ്ക്കണമെന്ന ഭീകരരുടെ ആവശ്യം അംഗീകരിച്ചായിരുന്നു അന്ന് മോചനം നടന്നത്.

രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിനു പിന്നാലെ അദ്ദേഹത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി രംഗത്തെത്തി. രാഹുല്‍ ഗാന്ധി തീവ്രവാദികളെ സ്‌നേഹിക്കുന്ന ആളാണെന്ന് സൂചിപ്പിക്കുന്ന #RahulLovesTerrorists എന്ന ഹാഷ് ടാഗും ബിജെപിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ടു. ഭീകരനായ മസൂദ് അസറിനോടുള്ള രാഹുല്‍ ഗാന്ധിയുടെ കടുത്ത ബഹുമാനമാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നതെന്നും ബിജെപി ട്വീറ്റ് ചെയ്തു.

കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്മൃതി ഇറാനി രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. ഭീകരവാദികളോടുള്ള കോൺഗ്രസസിന്‍റെ സ്നേഹമാണ് രാഹുലിന്‍റെ വാക്കുകളിലൂടെ വെളിവാകുന്നതെന്ന് അവർ പറഞ്ഞു.

അതേസമയം, രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തെ ബിജെപി മനഃപൂര്‍വം വളച്ചൊടിക്കുകയാണെന്ന് കോണ്‍ഗ്രസ് ഔദ്യോഗിക വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല പ്രതികരിച്ചു. മസൂദ് അസറിനെ മോചിപ്പിക്കാനായി കൊണ്ടുപോകുമ്പോള്‍ അദ്ദേഹത്തിനൊപ്പം വിമാനത്തില്‍ അജിത് ഡോവല്‍ ഉണ്ടായിരുന്നോ എന്ന കാര്യം ബിജെപി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Click to comment

Leave a Reply

Your e-mail address will not be published. Required fields are marked *

two × four =

To Top
WhatsApp WhatsApp us