അബുദാബി : പ്രതിരോധ രംഗത്തെ ഏറ്റവും പുതിയ കണ്ടെത്തലുകളും ആശയങ്ങളും അവതരിപ്പിച്ച അബുദാബി അന്താരാഷ്ട്ര പ്രതിരോധ പ്രദർശനം ഐഡെക്സ് 2019 സമാപിച്ചു. അഞ്ച് ദിവസം നീണ്ട് നിന്ന പ്രദർശനത്തിൽ ഇരുപത് ബില്യൺ ദിർഹത്തിന്റെ ഇടപാടുകളാണ് ഒപ്പ് വെക്കപ്പെട്ടത്. നാഷണൽ എക്സിബിഷൻ സെന്ററിൽ നടന്ന പ്രദർശനത്തിൽ ദേശീയ അന്തർദേശിയ കമ്പനികൾ നൂതന കണ്ടെത്തലുകളുമായി നിറഞ്ഞ് നിന്നു.
ഒപ്പുവയ്ക്കപ്പെട്ട ഒഉടമ്പടികളിൽ 65 ശതമാനവും അന്താരാഷ്ട്ര കമ്പനികളുമായിട്ടാണെങ്കിലും യു.എ.ഇയുടെ പ്രതിരോധ രംഗത്തിന്റെയും പ്രതിരോധ നിർമ്മാണ മേഖലയുടെയും ശക്തി പ്രകടനം കൂടിയായി ഇത്തവണത്തെ പ്രദർശനം.170 ഓളം തദ്ദേശീയ കമ്പനികളാണ് ഇത്തവണ പ്രദർശനത്തിൽ പുത്തൻ നിർമ്മിതിപ്പുകളുമായി ഇടം പിടിച്ചത്.
ആളില്ലാ ചെറുവിമാനങ്ങൾ, വെള്ളത്തിലും കരയിലും ഒരുപോലെ ഉപയോഗിക്കാവുന്ന ടാങ്കറുകൾ, പടക്കോപ്പുകൾ, റോബോട്ടുകൾ, യുദ്ധവിമാനങ്ങൾ, കപ്പലുകൾ എന്നിവയെല്ലാം പ്രദർശനത്തിൽ അവതരിപ്പിച്ചു. സായുധ സേനയുടെ യുദ്ധരംഗങ്ങളിലെ ഇടപെടലുകൾ വ്യക്തമാക്കുന്ന പ്രദർശനം സന്ദർശകർക്ക് മറക്കാനാവാത്ത അനുഭവമാണ് സമ്മാനിച്ചത്.
യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്‌തും, അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധ സേന ഉപ സർവ്വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവർ പ്രദർശനത്തിനെത്തിയ ലോക നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. മേഖലയിലെ സമാധാനാന്തരീക്ഷം ഉറപ്പാക്കുന്നതിനായി യോജിച്ചുള്ള ശ്രമങ്ങൾക്കും ചർച്ചകൾക്കും അന്താരാഷ്ട്ര പ്രതിരോധ പ്രദർശനം വേദിയായെന്നാണ് വിലയിരുത്തപ്പെടുന്നത്. അതോടൊപ്പം പ്രതിരോധ മേഖലയിലെ വാഹനങ്ങളുടെയും ഉപകരണങ്ങളുടെയും വസ്തുക്കളുടെയും ആഭ്യന്തര ഉത്പാദനം ശക്തമാക്കാനുള്ള സാധ്യതകളും പ്രദർശനം തുറന്നിട്ടു.