തിരുവനന്തപുരം: ടി പി വധക്കേസ് പ്രതികളെ വീണ്ടും ജയില്‍ മാറ്റും.വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ വച്ച് ഇവരില്‍ നിന്ന് മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്ത സാഹചര്യത്തിലാണ് നടപടി.
ഇന്ന് പുലര്‍ച്ചെ നടത്തിയ റെയ്‍ഡില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് പ്രതിയായ ഷാഫിയുടെ പക്കല്‍ നിന്ന് കണ്ടെത്തിയത് രണ്ട് സ്മാര്‍ട്ട് ഫോണുകളാണ്. നാളെ ഇവരെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റുമെന്ന് ജയില്‍ ഡിജിപി ഋഷിരാജ് സിംഗ് വ്യക്തമാക്കി.
തടവുകാരില്‍ നിന്ന് മൊബൈല്‍ ഫോണ്‍ പിടിച്ചാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി എടുക്കും. എല്ലാ ആഴ്ചയും റെയ്ഡുകള്‍ നടത്തുമെന്നും ജയില്‍ മേധാവി പറഞ്ഞു. കണ്ണൂര്‍, വിയ്യൂര്‍ സെന്‍ട്രല്‍ ജയിലുകളിലാണ് ജയില്‍ വകുപ്പ് മിന്നല്‍ പരിശോധന നടത്തിയത്. കണ്ണൂരില്‍ ജയില്‍ ഡിജിപി ഋഷിരാജ് സിംഗും വിയ്യൂരില്‍ യതീഷ് ചന്ദ്രയുമാണ് റെയ്‍ഡ് നടത്തിയത്. പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു മിന്നല്‍ പരിശോധന. കൊടി സുനിയുടെ സെല്ലില്‍ നിന്ന് സിം ഇല്ലാത്ത ഫോണ്‍ ലഭിച്ചിട്ടുണ്ട്. 9048044411 എന്ന നമ്ബറില്‍ പൊതുജനങ്ങള്‍ക്ക് പരാതി അറിയിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കണ്ണൂരിലെ റെയ്‍ഡില്‍ നിന്ന് മൊബൈല്‍ഫോണ്‍, കഞ്ചാവ്, പുകയില, പണം, സിം കാര്‍ഡ്, ചിരവ, ബാറ്ററികള്‍, റേഡിയോ എന്നിവ കണ്ടെത്തി. റേഞ്ച് ഐജി അശോക് യാദവ്, എസ്‍പി പ്രതീഷ് കുമാര്‍ എന്നിവരും ഋഷിരാജ് സിംഗിനൊപ്പമുണ്ടായിരുന്നു. 150 പൊലീസുകാരുടെ സംഘവുമായാണ് ഇവരെത്തിയത്. ടി.പി. കേസിലെ പ്രതികള്‍ കഴിയുന്ന സെല്ലുകളിലടക്കം ഒരേസമയം റെയ്ഡ് നടത്തി. രണ്ട് സ്മാര്‍ട്ട് ഫോണുകളാണ് ടി.പി. കേസ് പ്രതിയായ ഷാഫിയില്നിന്നു പിടിച്ചെടുത്തത്. ആകെ നാലു ഫോണു കള്‍ റെയ്‍ഡില്‍ കണ്ടെത്തി.
വിയ്യൂര്‍ ജയിലില്‍ ഫോണുപയോഗിക്കുന്നതായി വിവരം കിട്ടിയതിനെത്തുടര്‍ന്ന് പൊലീസ് കമ്മീഷണര്‍ യതീഷ് ചന്ദ്ര അതി നാടകീയമായി പുലര്‍ച്ചെ ജയിലിലെത്തി റെയ്ഡ് നടത്തുകയായിരുന്നു.
